ഭൂമിയെ ഹരിതാഭമാക്കാം ..വരും തലമുറയ്ക്കായി നന്മകളേകാം
നമ്മുടെ ഭൂമി എത്ര മനോഹരമാണ്! കോടാനുകോടി സസ്യങ്ങളും, ജന്തുക്കളും, പുഴകളും, പൂക്കളും, പൂമ്പാറ്റകളും, മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും, മഴയുമെല്ലാമുളള സുന്ദരഭൂമി. വനമായും, നദിയായും, കടലായും, വയലേലകളായും എത്ര അനുഗൃഹീതമാണ് നമ്മുടെ ഭൂപ്രദേശം.
മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ അവന്റെ അത്യാഗ്രഹം ഈ പ്രകൃതിയ്ക്ക് ദോഷമായിത്തത്തീർന്നു.. നമുക്ക് വേണ്ടതെല്ലാം തരുന്ന ഭൂമിയേയും അവളുടെ സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പിനേയും വരുന്ന തലമുറയ്ക്ക് ഉപയോഗിക്കുവാനുളള സ്വാതന്ത്ര്യത്തെയും നാമറിയാതെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വന സംരക്ഷണം, മൃഗസംരക്ഷണം, ജല സംരക്ഷണം എന്നിവ. ആധുനിക മനുഷ്യന്റെ അതിരറ്റ ഉപഭോഗാസക്തിമൂലം ഒട്ടനവധി ജീവജാലങ്ങളും, ജലസ്രോതസ്സുകൾ പോലും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
1972 ജൂണ്‍ 5 മുതല്‍ 16 വരെ സ്റ്റോക്‌ഹോമില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി രാഷ്ട്രത്തലവന്‍മാര്‍ക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥീതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസം പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. അതേത്തുടര്‍ന്ന് 1973 ജൂണ്‍ 5-ന് ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ജൂൺ അഞ്ച് ആഗോള തലത്തിൽ പരിസ്ഥിതിദിനമായി ആചരിച്ച് പോരുന്നത്. നൂറ്റി അമ്പതിലേറെ രാജ്യങ്ങളിൽ ആചരിക്കപ്പെടുന്ന പൊതു പ്രാധാന്യമുള്ള ആഗോള പരിപാടിയായി ഇതിനോടകം പരിസ്ഥിതി ദിനം മാറി കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക പരിപാടിയാണ് ലോക പരിസ്ഥിതിദിനം. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവുണ്ട് എന്നതാണ് ലോക പരിസ്‌ഥിതിദിനം വിളിച്ചോതുന്ന മുഖ്യ സന്ദേശം.
ജനപ്പെരുപ്പത്തിന്റെയും വ്യവസായിക വളര്‍ച്ചയുടെയും പരിണതഫലമായി ഇന്ന് കാടുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മിനിട്ടിലും 22 ഹെക്ടര്‍ വനഭൂമി ലോകമെമ്പാടും നശിക്കുന്നതായി കരുതുന്നു. ആഗോള താപനത്തിന്റെയും ഹരിത ഗൃഹപ്രഭാവത്തിന്റെയും പരിണത ഫലമായി ഭൂമിയില്‍ എത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.
വിവിധ തലങ്ങളിലെ മലിനീകരണത്തിനെതിരായും, വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്‌ഥിതിക സുസ്ഥിരത ഉറപ്പാക്കുവാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിത ഗേഹമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലാതാകുന്ന പച്ചപ്പിനെയും, താളം തെറ്റുന്ന ആവാസ വ്യവസ്ഥയേയും തിരിച്ചു പിടിക്കുവാൻ ഓർമ്മപ്പെടുത്തുകയാണ് ഒരോ പരിസ്ഥിതി ദിനവും.
ജനങ്ങളെ പ്രകൃതിയോട് അടുപ്പിക്കുകയാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ദിനങ്ങളുടെ ദൗത്യം. ഓരോ നിമിഷവും നാം പ്രകൃതിയിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ചിന്തകളുടെ പ്രസക്‌തി വളരെഏറെയാണ്.
കാട് വെട്ടി, പുഴ നികത്തി, മണ്ണിടിച്ച്, പ്രകൃതിയുടെ സ്വാഭാവിക താളക്കൊഴുപ്പിന്റെ ഈണം തെറ്റിക്കുകയാണ് നമ്മൾ. ചൂട് കൂടുന്നു, മഴ കുറയുന്നു എന്നൊക്കെ വേവലാതിപ്പെട്ടുകൊണ്ടിരിക്കാതെ പ്രകൃതി സംരക്ഷണത്തിനായി കച്ചകെട്ടി ഇറങ്ങുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനഭൂമി വിസ്തൃതമാക്കുക അതിലൂടെ ആഗോള പാരിസ്‌ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്‌ഥിതി ദിനാചരണങ്ങളിലൂടെ നാം ഉറപ്പാക്കേണ്ടത്.
ഭൂമിയുടെ ഹരിതാഭ കാക്കുക .. വരും തലമുറയ്ക് കാരുണ്യമേകുക
Let's make the earth green ... May it be good for the next generation.


