ഒരുമയുണ്ടെകിൽ വിജയമുറപ്പ്
🌸ഗുണപാഠ കഥ 🌸
ഒരു മനോഹരമായ ഗ്രാമത്തിൽ ഒരു കർഷകനും നാലുമക്കളും താമസിച്ചിരുന്നു. വളരെ അദ്ധ്വാനിയായ ഒരു കർഷകനായിരുന്നു അയാൾ. എന്നാൽ നാൾക്ക് മക്കളും തമ്മിൽ എന്നും വഴക്കായിരുന്നു. പിതാവ് ഉപദേശിക്കുകയും വഴക്കു പറയുകയുമൊക്കെ ചെയ്തിട്ടും അവർ രമ്യതയിലായില്ല.
ഒരിക്കൽ പിതാവ് അവരോട് കുറെ വിറക് ശേഖരിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. അവർ വിറകുമായെത്തി. പിതാവ് ആ വിറകുകൾ ഒന്നായി കൂട്ടിക്കെട്ടി എന്നിട്ട് പിതാവ് മക്കളോടു പറഞ്ഞു
"നിങ്ങൾ ഈ കെട്ട് വിറകു ഒന്ന് ഒടിക്കൂ".
മക്കൾ ഒരോരുത്തരായി ആ വിറകു കെട്ട് ഒടിക്കാൻ ശ്രമിച്ചുനോക്കി. അവർക്ക് അതൊടിക്കാൻ കഴിഞ്ഞില്ല.
അപ്പോൾ പിതാവ് ആ കെട്ടഴിച്ചു, വിറകുകൊള്ളികൾ ഒന്നൊന്നായി എടുത്ത് മക്കൾക്കു കൊടുത്തിട്ട് അത് ഒടിക്കാൻ പറഞ്ഞു. അവർ അത് പെട്ടെന്നുതന്നെ ഒടിച്ചു.
ആ പിതാവ് മക്കളോട് പറഞ്ഞു:
"നിങ്ങൾ ഓരോരുത്തരും വെവ്വേറെ നിന്നാൽ ആർക്കും നിങ്ങളെ തോല്പിക്കാൻ സാധിക്കും. എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ ഏതു ശക്തരേയും നിങ്ങൾക്കു നേരിടാം".
🍎ഗുണപാഠം: ഐകമത്യം മഹാബലം 🍎
